ചെന്നൈ: വിഖ്യാത തമിഴ് സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു (95) അന്തരിച്ചു. ചെന്നൈ കാവേരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന റാവുവിന്റെ അന്ത്യം ശനിയാഴ്ച രാത്രിയായിരുന്നു.
ഇന്നലെ ചെന്നൈയിൽ സംസ്കാരം നടത്തി. ഇന്ത്യൻ സിനിമയ്ക്ക് എക്കാലത്തെയും മികച്ച ക്ലാസിക്കുകൾ സമ്മാനിച്ച പ്രതിഭാശാലിയായിരുന്നു സിംഗീതം ശ്രീനിവാസ റാവു. കമൽ ഹാസൻ അഭിനയിച്ച അപൂർവ സഹോദരങ്ങൾ, രാജ പാർവൈ, ലിറ്റിൽ ജോൺ, മൈക്കിൾ മദന കാമ രാജൻ, നിശബ്ദ ചിത്രമായ പുഷ്പകവിമാനം (1987), മയൂരി, മകളിർ മട്ടും, മുംബൈ എക്സ്പ്രസ്, ഭൈരവ ദ്വീപം തുടങ്ങിയ സിനിമകളുടെ സംവിധായകനാണ്.
ദിക്കട്ര പാർവതി എന്ന സിനിമയ്ക്കു ദേശീയ അവാർഡ് (1974) ലഭിച്ചു. 1977ൽ ശ്രീകുമാരൻ തന്പി കഥയും തിരക്കഥയും നിർവഹിച്ച നിറപറയും നിലവിളക്കും എന്ന മലയാള ചിത്രം സംവിധാനം ചെയ്തു. നന്ദി അവാർഡ്, കർണാടക സംഗീത അക്കാദമി അവാർഡ്, ഫിലിം ഫെയർ അവാർഡ് എന്നിവയും ഇദ്ദേഹത്തെ തേടിയെത്തി. ഈ വർഷം പുറത്തിറങ്ങിയ സിംഗ് ഗീതം ആണ് അവസാന ചലച്ചിത്രം.